തൃശൂർ: ഉറ്റവർ തിരസ്കരിച്ച ഭിന്നശേഷിക്കാരായ കിടപ്പുരോഗികൾ മുതൽ എയ്ഡ്സ് രോഗികൾ വരെയുള്ളവരെ നെഞ്ചോടുചേർത്തു സംരക്ഷിച്ച അഗതിപാലകൻ. ലൈംഗികചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ട നവജാതശിശുക്കളും അടക്കമുള്ളവരെ സംരക്ഷിക്കാൻ ആറു പതിറ്റാണ്ടുമുന്‍പ് ജീവകാരുണ്യ സ്ഥാപനങ്ങൾ ആരംഭിച്ച മനുഷ്യസ്നേഹി. പാവങ്ങളുടെ പിതാവ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ നിഴലായിനിന്ന് പരിത്യക്തരെ സംരക്ഷിക്കാൻ അനേകം കർമപദ്ധതികളൊരുക്കിയ വൈദികശ്രേഷ്ഠൻ. തൃശൂർ അതിരൂപതയ്ക്കു കാരുണ്യത്തിന്റെ പുണ്യമുഖം ഒരുക്കിയ വൈദികൻ. മോണ്‍. ഡോ. ജോസഫ് വിളങ്ങാടൻ. പ്രശസ്തിയിൽനിന്ന് അകന്നുനിന്ന അദ്ദേഹത്തിന്റെ ജന്മ
ശതാബ്ദിയാണ് 18ന്.
ചതിക്കപ്പെട്ടവർക്കു സംരക്ഷണം
പ്രണയക്കെണിയിൽ കുടുങ്ങി ഗർഭിണിയായി ചതിക്കപ്പെട്ട് കുടുംബങ്ങളിൽനിന്നും സമൂഹത്തിൽനിന്നും പുറത്താക്കപ്പെടുന്നവരെ സംരക്ഷിക്കാൻ ബിഷപ് മാർ ജോസഫ് കുണ്ടുകുളത്തോടൊപ്പം തൃശൂർ ജില്ലയിലെ പുല്ലഴിയിൽ സെന്റ് ക്രിസ്റ്റീനാസ് ഹോം ആരംഭിച്ചു. 1960കളിൽ വിപ്ലവകരമായ ചുവടുവയ്പായിരുന്നു അത്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി തുടർച്ചയായി 27 വർഷം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൃശൂർ രൂപത ആരംഭിച്ച അഞ്ചു ജീവകാരുണ്യ സ്ഥാപനങ്ങളുടെയും ഡയറക്ടറായി ഒരേസമയം പ്രവർത്തിച്ചതു വർഷങ്ങളോളം.
വ്യത്യസ്ത കഴിവുകളുള്ള കിടപ്പുരോഗികളെ സംരക്ഷിക്കുന്ന പോപ്പ് ജോണ്‍ പോൾ പീസ് ഹോം, വയോധികർക്ക് അഭയമേകുന്ന സെന്റ് ജോസഫ്സ് ഓൾഡ് ഏജ് ഹോം, ആരോരുമില്ലാത്ത മനോരോഗികളെ സംരക്ഷിക്കുന്ന സെന്റ് ജോസഫ്സ് മെന്റൽ ഹെൽത്ത് കെയർ ഹോം, വൃദ്ധദന്പതികളെ സംരക്ഷിക്കുന്ന മുളയത്തെ ഹോം ഓഫ് ലൗ, അമ്മമാരെ പുനരധിവസിപ്പിക്കുന്ന കൊഴിഞ്ഞാംപാറയിലെ സെന്റ് ക്രിസ്റ്റീനാസ് റിഹാബിലിറ്റേഷൻ സെന്റർ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറായിരുന്നു. എയ്ഡ്സ് രോഗികളെ സംരക്ഷിക്കാൻ രാജ്യത്തെ ആദ്യ പരിചരണകേന്ദ്രം 1996ൽ ആരംഭിച്ചത് ഫാ. ജോസഫ് വിളങ്ങാടന്റെ നേതൃത്വത്തിലായിരുന്നു.
സമർപ്പിത സമൂഹം
പരിത്യക്തരായ നിത്യരോഗികളെ ശുശ്രൂഷിക്കാൻ നിർമലദാസി സമർപ്പിതസമൂഹം സ്ഥാപിക്കാൻ മാർ ജോസഫ് കുണ്ടുകുളത്തോടൊപ്പം അഗതിപാലകനായ മോണ്‍. ഡോ. ജോസഫ് വിളങ്ങാടൻ നേതൃത്വം നൽകി. 1971 നവംബർ 23നു സ്ഥാപിതമായ നിർമലദാസി സഭയുടെ ഡയറക്ടറായി.
1970 നവംബർ 20ന് തൃശൂർ രൂപതാ ചാൻസലറും അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിൽ അംഗമായി. 1978 ജൂണ്‍ മുതൽ അഞ്ചുവർഷം പൗരസ്ത്യസഭയുടെ ഉപദേശകസമിതി അംഗമായി. 1992 മേയ് ഏഴിന് മോണ്‍സിഞ്ഞോർ പദവി നൽകി സഭ അദ്ദേഹത്തെ ആദരിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെയും മദർ എവുപ്രാസ്യയുടെയും നാമകരണ കോടതികളിൽ പ്രവർത്തിച്ചു.
കുടുംബം
തൃപ്പുണിത്തുറയിലെ വിളങ്ങാടൻ കുടുംബത്തിൽ ഉലഹന്നാൻ-അന്നമ്മ ദന്പതികളുടെ മകനായി 1926 ഓഗസ്റ്റ് 18നു ജനിച്ചു. 1947 മുതൽ 1954 വരെ ഏഴു വർഷം റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും തത്ത്വശാസ്ത്ര പഠനവും നടത്തി. 1954 ഡിസംബർ ഏഴിന് റോമിൽവച്ച് ആർച്ച്ബിഷപ് ഡോ. സിഗിസ്മോണ്ടിയിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു. കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. ഇംഗ്ളീഷ്, ഇറ്റാലിയൻ, ലാറ്റിൻ, ജർമൻ, ഫ്രഞ്ച് തുടങ്ങിയ ഭാഷകളും അഭ്യസിച്ചു. മലയാളവും തമിഴും അടക്കം ഏഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു.
രണ്ടു ബിഷപ്പുമാരുടെ സെക്രട്ടറിയായിരുന്നു. 1961 മുതൽ ബിഷപ് മർ ജോർജ് ആലപ്പാട്ടിന്റെ സെക്രട്ടറിയായി. 1970ൽ മെത്രാനായി ചുമതലയേറ്റ മാർ ജോസഫ് കുണ്ടുകുളത്തിന്റെയും. എഴുപതു വയസു കഴിഞ്ഞതോടെ ചുമതലകളിൽനിന്നു വിരമിച്ചു. എണ്‍പത്തഞ്ചാം വയസിൽ 2011 ഒക്ടോബർ ഒന്പതിനു നിത്യതയിലേക്കു യാത്രയായി.